യാത്ര


അണുവിൽ നിന്നുമനന്തതയിലേക്ക്
സമയമൊപ്പം കൂട്ടുള്ള യാത്രകൾ
ഒന്നുറങ്ങി ഉണരുമ്പൊഴേക്കും
പോയദൂരങ്ങൾ കാണാത്ത യാത്രകൾ

നമ്മൾ പോകുന്ന വീഥികളാകെയും
ഒന്നിനൊന്നിച്ച്‌ നൂലിൽ കൊരുത്തവ
ചിലതു സ്ഫടികവും ചിലത് മാറാലയും
ചിലതിൽ രക്തവും കണ്ണുനീരുപ്പും

എത്ര എത്ര വഴികളാണെന്നോ
ഒത്തിരിക്കാത്ത ഓർമ്മകൾക്കൊപ്പം
ഒപ്പമുണ്ടെന്ന് നീ കയർക്കുമ്പോൾ
ഒപ്പമല്ലാത്ത വഴികളിൽ നമ്മൾ

ഇനിയുമപ്പുറം പോകുവാനൊപ്പം
സമയമില്ലെന്ന് കലഹിച്ച്‌ നിൽക്കേ
കൂടെ വന്നവർ ചുവരുകളില്ലാതെ
കോറി വയ്ക്കുന്നു ക്ഷണികചിത്രങ്ങൾ

കട്ടിയുള്ളോരു കണ്ണാടി വച്ച്
കെട്ടിയിട്ടോരു കാലമാണുള്ളിൽ
കാത്തുനിൽക്കാതെ മുൻപോട്ടു പോകും
കൂടെ വന്നവർ ഒറ്റക്കൊരുമിച്ച്‌

ശാന്തമാകെന്നു പറയുന്ന നക്ഷത്ര
സഞ്ചയം യാത്ര നിർത്താതെ പോകുന്നു
പുതിയ കാലങ്ങൾ വേഗങ്ങൾ വീഥികൾ
പുതിയ കാഴ്ച്ചകൾ ക്ഷണികചിത്രങ്ങൾ

സൂര്യനസ്തമിച്ചാളൊഴിയുമ്പോൾ
മൂകമാകുന്ന തീരങ്ങൾ പോലെ
കാറ്റെടുത്തും തിരകൾ കവർന്നും
മഞ്ഞിൽ നിൽക്കുന്ന ക്ഷണികചിത്രങ്ങൾ

Leave a comment