അമ്മാമ്മ


https://soundcloud.com/rameez-thonnakkal/ammamma

വയലുകൾ ഉഴുതൊരു കാലാണ്
കയറു പിരിച്ചൊരു കൈയാണ്
മൈലുകൾ ഓടിയ മേലാണ്
വെയിലു തിളച്ചൊരു തലയാണ്

വിയർപ്പുണങ്ങി ….
വിയർപ്പുണങ്ങി ഉപ്പായ് മാറി
നീറിപ്പുകഞ്ഞ ത്വക്കാണ്
അരവയറുള്ളതിറുക്കികെട്ടി
വറ്റുകളെണ്ണി വിളംബീട്ട്
കണ്ണും പൂട്ടി ഉറങ്ങീട്ട്
സ്വപ്നം കണ്ടൊരു മിഴിയാണ്‌

ഇത്തിരി മണ്ണിൽ ….
ഇത്തിരി മണ്ണിൽ  ഇതുങ്ങളെയെല്ലാം
കുത്തിനിറുത്താൻ കച്ചേരികളിൽ
കയറിയിറങ്ങിയ മനസാണ്

അക്ഷരമെഴുതാൻ അറിയില്ലെങ്കിലും
അർത്ഥമറിഞ്ഞൊരു ജീവിതമാ
അറിവാണെല്ലാമെന്ന തിരിച്ചറിവടുത്ത
തലമുറയെക്കാട്ടി,
പള്ളിക്കൂടം
കലാലയങ്ങൾ
പറ്റുംപോലെല്ലാമാക്കി

അടിയാളത്തം….
അടിയാളത്തം ഇനിമേലില്ലെന്നുറ-
ച്ചുറക്കെ  ചൊല്ലിയതാ
പകുത്തുനൽകാൻ സ്നേഹം
കൊണ്ടൊരു കലവറ
തീർത്തൊരു ജീവിതമാ

വയലുകൾ ഉഴുതൊരു കാലാണ്
കയറു പിരിച്ചൊരു കൈയാണ്
മൈലുകൾ ഓടിയ മേലാണ്
വെയിലു തിളച്ചൊരു തലയാണ്

Advertisements

ഒരു ഉത്തരാധുനിക പൂക്കാരി ഉണ്ടാകുന്നത്


the_flower_vendor_by_Diego_Rivera

മല്ലിഗേ സംപിഗേ ഗുലാബീ താവരേ…

അവൾ നീട്ടി വിളിച്ചു
താളാത്മകമായ ആ വിളി സ്വയമൊന്നാവർത്തിക്കണം
എന്ന് കരുതിയിരുന്നതേയുള്ളൂ….
പക്ഷെ..
ഉറക്കെ ഒന്ന് വിളിച്ചുപോയി

മല്ലിഗേ സംപിഗേ ഗുലാബീ താവരേ…

അവൾ തിരിഞ്ഞു നിന്നു
പൂ വേണമോ എന്ന് ചോദിക്കും
എന്ന് കരുതി..
അപ്പോഴേക്കും അവൾ
പൂക്കുട്ട ഉമ്മറപ്പടിയിൽ വച്ച്
വീടിന്നകത്തേക്ക്‌ പോയിരുന്നു…

മല്ലിഗേ സംപിഗേ ഗുലാബീ താവരേ…

Image Credits to http://www.flickr.com/photos/mark6mauno/3129327902/

ധര്‍മപുരി


dharmapuri

ദളിതന്‍റെ ദൈവങ്ങളെപ്പോലുമിന്നവര്‍ ചുട്ടെരിച്ചൂ
കനിവേതുമില്ലാതെ..
കല്ലാണ് കല്ലാണിതെന്നാര്‍ത്ത് ..
അങ്ങേ തലക്കലേക്കാഞ്ഞെറിഞ്ഞു

ആണ്ടുകള്‍ ആണ്ടുകള്‍ ആണ്ടാണ്ടിരുന്ന്
നൂര്‍ത്തെടുത്തോരെന്‍റെ ജീവിതം
ആ കല്ലേല്‍ അടിച്ചു തകര്‍ത്തെറിഞ്ഞു

അടിമയായീടണം അറവു മൃഗവുമായീടണം
നിന്‍റെ  ഇഷ്ടതിനിഷ്ടതിനോത്ത്‌ ജീവിക്കണം
ഇന്നലെ സായന്തനത്തിലെന്‍ മുറ്റത്തിരുന്നു
ചായ  കുടിച്ചവന്‍
കറണ്ടു പോയപ്പോളിത്തിരി  മണ്ണെണ്ണ
കടം കൊണ്ടവന്‍
ജീവന് വേണ്ടി ഞാന്‍ രക്തം കൊടുത്തവന്‍
സംഘമായ്  വന്നെന്‍റെ വീടിന്‍
നേടും തൂണെടുത്തവര്‍
പഴകി തുരുമ്പിച്ചോരെന്‍ സ്വപ്‌നങ്ങള്‍ പോലും
കുടഞ്ഞിട്ടു കത്തിച്ചു ചാമ്പലും തട്ടിയോര്‍

നിങ്ങള്‍ കാക്കുക

കത്തിക്കരിഞ്ഞു ചാമ്പലായോരെന്‍
പ്രണയത്തില്‍ നിന്നും പിറവിയെടുത്തവര്‍
എന്‍റെ കുഞ്ഞുങ്ങള്‍
അവരൊക്കെ  കറുത്തവര്‍
ദളിതരെന്നു  നെറ്റിയില്‍
പച്ചകുത്തിയോര്‍
അവര്‍ വരും
ദൈവങ്ങള്‍ കൂട്ടിനില്ലെങ്കിലും
അവര്‍ വരും
കൊടുംകാറ്റായി
മഴയായി
സൂര്യവെളിച്ചമായ്
എന്നെ ചുട്ടെരിക്കാന്‍ വച്ച  കൊള്ളികള്‍ പോലും
പോരാതെ  പോകും
അവര്‍ വരും

കാത്തിരിക്കുക നിന്‍റെ കോട്ട കൊത്തളങ്ങളില്‍

ചുവരുകളില്ലാത്ത കോട്ടകള്‍ക്കുള്ളിലൂടഭയമില്ലാതെ നീ  അലയും
ആഭിജാത്യത്തിന്‍റെ പെരും നുണകളില്‍ നീ ഉരുകി ഒലിച്ചന്നലയും

കരുതി വയ്ക്കട്ടെ ഞാന്‍ ഈ ചാമ്പലൊക്കെയും
ഒരു പുതിയ പുലരിക്കു വേണ്ടി
അതിരുകളില്ലാത്ത സൗഹൃദം പുലരുന്ന
ഒരു പുതിയ പുലരിക്കു വേണ്ടി

http://caste-violence.wikispaces.com/