മച്ചമ്പിയും രണ്ടു ഫോൺ വിളികളും


phone-256x256ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിന്റെ തുടക്കം. എനിക്ക് ഒരു പത്തു വയസു അടുപ്പിച്ചുണ്ടാവണം. BSNL രൂപീകരിക്കുന്നതിന് മുന്പ് മൂന്നു അക്കമുള്ള ഫോണുകൾ നാട്ടിൽ ഉണ്ടായിരുന്ന സമയം. അധികം വീടുകളിൽ ഫോൺ ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിട്ടും, രണ്ടു സർക്കാർ ഉദ്യോഗസ്ഥർ ഉള്ള വീട് എന്ന ലേബൽ ഉള്ളത് കൊണ്ടാവണം അച്ഛൻ ഒരു ഫോൺ വയ്ക്കാം എന്ന് തീരുമാനിച്ചത്. നാട്ടിൽ നിന്ന് ഗൾഫിൽ പോയ ഭർത്താക്കൻമാരെ വിളിക്കാൻ ചില ഭാര്യമാർ ആ ഫോണിന്റെ സേവനം ഉപയോഗിച്ചിട്ടുണ്ട്. അന്നത്തെ ഫോണിന്റെ നിരക്കും അച്ഛന്റെ ശമ്പളവും ചിലപ്പോൾ സമാസമം വന്ന സാഹചര്യവും, ഫോൺ ഒരു വഴക്കിന്റെ കാരണമായി വീടിന്റെ നടുവിൽ ഇരിക്കേണ്ടി വന്നതും ഇത്തരുണത്തിൽ ഓർക്കുന്നു.

ഒന്ന്

അന്ന് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും.. ഒരുറക്കം കഴിഞ്ഞു പതിനൊന്നു മണിക്ക് അത്താഴം കഴിച്ചു കിടന്നിട്ടേ ഉണ്ടായിരുന്നുള്ളു. (ഈ ചിട്ടയുടെ കൂടുതൽ വിവരങ്ങൾ ഇനി ഒരു എഴുത്തിൽ ചേർക്കുന്നതായിരിക്കും). കമ്മ്യൂണിസ്റ്റ് ആയ അച്ഛൻ ഭക്തി പ്രധാനമായ ഒന്നും പറഞ്ഞു കേട്ടിട്ടില്ലാത്തതിനാൽ “സ്വാമിയേ ശരണം” എന്ന് ഫോണിൽ പറയുന്നത് ഒരു ആശ്ചര്യമായി.  അമ്മ അപ്പോഴും ചുവരിൽ ചാരി തറയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അച്ഛൻ അപ്പോഴും സ്വാമി ശരണം ഒരു മറുപടി എന്ന പോലെ ഫോണിൽ പറയുന്നുണ്ടായിരുന്നു. അച്ഛൻ അമ്മയുടെ മുഖത്ത് അപ്പോഴും നോക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്വാമി ശരണത്തിനു പകരം എന്തൊക്കെയോ  ഗൗരവമായി പറഞ്ഞു. അമ്മയുടെ ആകാംക്ഷയെ അച്ഛന് ഒഴിവാക്കാൻ ആവുന്നതായിരുന്നില്ല. അച്ഛൻ പതിയെ പറഞ്ഞു “സൗദിയിൽ നിന്നും നിന്റെ അണ്ണനായിരുന്നു”. അമ്മയുടെ കയ്യിൽ നിന്നും ഭക്ഷണത്തിന്റെ പാത്രം താഴെ പോയതും നെഞ്ചത്തടിച്ചുള്ള നിലവിളിയും ഒരുമിച്ചായിരുന്നു.

ഏഴും മൂന്നും വയസുള്ള അനുജത്തിമാർ അപ്പോഴും ഉറങ്ങുവായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അച്ഛൻ എന്നെ പിന്നെയും കട്ടിലിൽ കൊണ്ട് കിടത്തി. അമ്മ ഒരു വിധം ശാന്തയായപ്പോൾ അച്ഛൻ പറഞ്ഞു “സുഹൃത്തുക്കൾ ഉണ്ട്. അവിടെ ചൂട് കൂടുതൽ ആണ്. പുള്ളിക്ക് അത് താങ്ങാൻ പറ്റുന്നില്ല. അവർ ടിക്കറ്റിനു ശ്രമിക്കുന്നുണ്ട്.  മറ്റന്നാളോ അതിനു പിറ്റേന്നോ തിരുവനന്തപുരത്തു വരും. പോണം”.

രണ്ടു

ഇത് തൊണ്ണൂറിന്റെ തന്നെ രണ്ടാം പകുതിയിൽ ആണ്. അമ്മക്ക് വയ്യാണ്ടായത് കൊണ്ടോ മറ്റോ അമ്മമ്മ വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ ഒരു 6 മണി ആയിട്ടുണ്ടാവും. ഫോൺ വിളി വന്നത് വർക്കല അമ്മമ്മയുടെ വീട്ടിൽ നിന്നും ആയിരുന്നു. അവിടെ കറവ ഉള്ള പശു ഉണ്ട്.. ഫോണിൽ സംസാരിച്ച അച്ഛന്റെ മുഖത്ത് ഗൗരവം ആണോ തമാശ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം ഉണ്ടായിരുന്നു. അച്ഛൻ അമ്മയോട് ഒരല്പം ഉറക്കെ പറഞ്ഞു  “ഡേയ് .. നിന്റെ ഇളയ അനിയനാ വിളിച്ചത് . അവൻ ഇങ്ങനാ ചോദിച്ചത്, .. മച്ചംബീ..   അമ്മ അവിടുണ്ടോ.. അമ്മയോടൊന്നു ചോദിച്ചേ കട്ടുറുമ്പിനു പാല് കൊടുക്കണോ എന്ന് … ഇതും പറഞ്ഞു അവൻ ഫോൺ വച്ചു. ഉടനെ തിരിച്ചു വിളിക്കും എന്നാ പറഞ്ഞത്.. എന്താ പറയേണ്ടത്? ”

ഇതിനു അമ്മയുടെ മറുപടി ഒരു വലിയ ചിരി ആയിരുന്നു. നിറുത്താത്ത ചിരി.. മറുപടി പറഞ്ഞത് അമ്മമ്മ ആയിരുന്നു. “ആ മേലിലത്തെ വീട്ടിലെ അവരുടെ ഇരട്ട പേരാ കട്ടുറുമ്പ് … അവർക്ക് പാല് കൊടുക്കുന്ന കാര്യമായിരിക്കും..”.

 

Advertisements

അമ്മാമ്മ


https://soundcloud.com/rameez-thonnakkal/ammamma

വയലുകൾ ഉഴുതൊരു കാലാണ്
കയറു പിരിച്ചൊരു കൈയാണ്
മൈലുകൾ ഓടിയ മേലാണ്
വെയിലു തിളച്ചൊരു തലയാണ്

വിയർപ്പുണങ്ങി ….
വിയർപ്പുണങ്ങി ഉപ്പായ് മാറി
നീറിപ്പുകഞ്ഞ ത്വക്കാണ്
അരവയറുള്ളതിറുക്കികെട്ടി
വറ്റുകളെണ്ണി വിളംബീട്ട്
കണ്ണും പൂട്ടി ഉറങ്ങീട്ട്
സ്വപ്നം കണ്ടൊരു മിഴിയാണ്‌

ഇത്തിരി മണ്ണിൽ ….
ഇത്തിരി മണ്ണിൽ  ഇതുങ്ങളെയെല്ലാം
കുത്തിനിറുത്താൻ കച്ചേരികളിൽ
കയറിയിറങ്ങിയ മനസാണ്

അക്ഷരമെഴുതാൻ അറിയില്ലെങ്കിലും
അർത്ഥമറിഞ്ഞൊരു ജീവിതമാ
അറിവാണെല്ലാമെന്ന തിരിച്ചറിവടുത്ത
തലമുറയെക്കാട്ടി,
പള്ളിക്കൂടം
കലാലയങ്ങൾ
പറ്റുംപോലെല്ലാമാക്കി

അടിയാളത്തം….
അടിയാളത്തം ഇനിമേലില്ലെന്നുറ-
ച്ചുറക്കെ  ചൊല്ലിയതാ
പകുത്തുനൽകാൻ സ്നേഹം
കൊണ്ടൊരു കലവറ
തീർത്തൊരു ജീവിതമാ

വയലുകൾ ഉഴുതൊരു കാലാണ്
കയറു പിരിച്ചൊരു കൈയാണ്
മൈലുകൾ ഓടിയ മേലാണ്
വെയിലു തിളച്ചൊരു തലയാണ്

ഒരു ഉത്തരാധുനിക പൂക്കാരി ഉണ്ടാകുന്നത്


the_flower_vendor_by_Diego_Rivera

മല്ലിഗേ സംപിഗേ ഗുലാബീ താവരേ…

അവൾ നീട്ടി വിളിച്ചു
താളാത്മകമായ ആ വിളി സ്വയമൊന്നാവർത്തിക്കണം
എന്ന് കരുതിയിരുന്നതേയുള്ളൂ….
പക്ഷെ..
ഉറക്കെ ഒന്ന് വിളിച്ചുപോയി

മല്ലിഗേ സംപിഗേ ഗുലാബീ താവരേ…

അവൾ തിരിഞ്ഞു നിന്നു
പൂ വേണമോ എന്ന് ചോദിക്കും
എന്ന് കരുതി..
അപ്പോഴേക്കും അവൾ
പൂക്കുട്ട ഉമ്മറപ്പടിയിൽ വച്ച്
വീടിന്നകത്തേക്ക്‌ പോയിരുന്നു…

മല്ലിഗേ സംപിഗേ ഗുലാബീ താവരേ…

Image Credits to http://www.flickr.com/photos/mark6mauno/3129327902/

ചെറുകാടിന്റെ മുത്തശി


Cherukaadu

വായന വായന ലഹരി പിടിക്കും
വായന എന്നിൽ നിറയട്ടെ
എന്ന് സ്വയം ആഹ്വാനം ചെയ്തുകൊണ്ടാണ് ചെറുകാടിന്റെ മുത്തശി എന്നാ ബൃഹത്തായ നോവൽ കയ്യിലെടുത്തത് . കഴിഞ്ഞ നാലഞ്ചു ദിവസങ്ങൾ മുത്തശിയിലെ കഥാപാത്രങ്ങളോടൊപ്പം ആയിരുന്നു ഞാനും. നാണിയും മുത്തശിയും ചാത്തു നായരും ഗോപാലനും അയമ്മുവും അമ്മാമയും സ്മാലനും കുട്ടിത്തംബുരനും രാധാകൃഷ്ണ മേനോനും ബാലനും മുസലിയാരും മുഹമ്മദും അഹമ്മദും വാഴയിലെ കുഞ്ഞനും ശങ്കര മേനോനും നാരായണൻ എഴുത്തച്ച്ചനും കിടാവും ചിങ്കം സബ് ഇൻസ്പെച്റ്റരും ജഡ്ജിയും വക്കീൽ ഗോപാലമേനോനും ഒക്കെ ഹൃദയത്തിന്റെ ഭിത്തികളിൽ അഞ്ഞടിച്ചുകൊണ്ടേയിരുന്നു.

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ തുടങ്ങി അൻപതുകളിൽ അവസാനിക്കുന്ന നോവൽ ഒരു സമൂഹ മാറ്റത്തിന്റെ വേലിയേറ്റിറങ്ങളുടെ ഒരു നേർ കാഴ്ചയായിരുന്നു. മലബാറിലെ രാഷ്ട്രീയ പ്രബുദ്ധയുടെ ഉത്തരമാണ് മുത്തശി എന്നാ നോവൽ. അതിവൈകാരികത എങ്ങും പ്രതിഭലിക്കാത്ത ചെറുകാടിന്റെ എഴുത്ത് ചിലപ്പോഴൊക്കെ ഒരു രാഷ്ട്രീയ ലേഖനത്തിന്റെ പ്രൌഡ തലത്തിലേക്ക് മാറുന്നു എന്ന് തോന്നി. കഥയുടെ കാംബിനും കാലത്തിനും അത് അനിവാര്യമായിരുന്നിരിക്കണം. രണ്ടായിരത്തി പതിമൂന്നിലിരുന്നു ഈ നോവൽ വായിക്കുമ്പോൾ എന്തൊക്കെ തന്നെ കുറവുകൾ കണ്ടെത്താൻ ശ്രമിച്ചാലും ഈ നോവൽ മുന്നോട്ടു വയ്ക്കുന്ന പുരോഗമന പരതയും പ്രതീക്ഷയും അതിനൊക്കെ മറുപടി പറയും.

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും പ്രത്യേകിച്ച് അദ്ധ്യാപക പ്രസ്ഥാനങ്ങളും നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെയും ചെറുത്തു നിൽപ്പുകളുടെയും വിജയ ഗാഥയാണ് മുത്തശി. സ്വാതന്ത്ര്യ സമരത്തിന്റെ നാൾ വഴികളിലുണ്ടായ രാഷ്ട്രീയ വ്യതിയാനങ്ങൾ, സമൂഹത്തിലെ വിവിധ വർഗങ്ങൾക്കിടയിൽ ഉണ്ടായ സമവാക്യ വ്യത്യാസങ്ങൾ, ചെറുമി-കർഷക-ജന്മി വ്യവസ്ഥയിലെ കൂട്ടകുഴപ്പങ്ങൾ എന്നിവ കടുത്ത നിറങ്ങളിൽ വരച്ചിടുകയാണ് എഴുത്തുകാരൻ

വ്യവസ്ഥയെ കൈവിടാതെ മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികയായ ഭയങ്കരി ആയ മുത്തശിയിൽ നിന്നും തുടങ്ങി ചെങ്കൊടിയേന്തി ലാൽ സലാം പറയുന്ന വിപ്ലവകാരിയായ മുത്തശിയിലേക്കുള്ള യാത്ര വികാര നിർഭരവും എന്നാൽ അതി ഭാവുകത്വങ്ങൾ ഇല്ലാത്തതും ആണ്. നാണിയുടെ ചെറുത്തു നിൽപ്പ് പലപ്പോഴും ഏകതാനതയോടടുപ്പിച്ചാകുന്നു എന്നത് ഒരു പരാതി ആണെങ്കിലും എഴുത്തുകാരൻ കഥാപാത്രത്തെകൊണ്ടു തന്നെ അത് സമ്മതിപ്പിച്ച് അതിനു മറുപടി പറയുന്നു. ഈ ചെറുത്തു നിൽപ്പ് കാലത്തിന്റെ അനിവാര്യത ആയിരുന്നു.

യഥാസ്ഥിതികത്വം മുന്നോട്ടു വയ്ക്കുന്ന, വഴി മുടക്കുന്ന, പുതിയ വെല്ലുവിളികളെ നേരിടാൻ ഒരുപാടു നാണിമാരുണ്ടാവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പുരോഗമന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ, പുതുതായി വരുന്നവർ , തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാള പുസ്തകം എന്ന വിലയിരുത്തലോടെ ‘ലാൽ സലാം’

ധര്‍മപുരി


dharmapuri

ദളിതന്‍റെ ദൈവങ്ങളെപ്പോലുമിന്നവര്‍ ചുട്ടെരിച്ചൂ
കനിവേതുമില്ലാതെ..
കല്ലാണ് കല്ലാണിതെന്നാര്‍ത്ത് ..
അങ്ങേ തലക്കലേക്കാഞ്ഞെറിഞ്ഞു

ആണ്ടുകള്‍ ആണ്ടുകള്‍ ആണ്ടാണ്ടിരുന്ന്
നൂര്‍ത്തെടുത്തോരെന്‍റെ ജീവിതം
ആ കല്ലേല്‍ അടിച്ചു തകര്‍ത്തെറിഞ്ഞു

അടിമയായീടണം അറവു മൃഗവുമായീടണം
നിന്‍റെ  ഇഷ്ടതിനിഷ്ടതിനോത്ത്‌ ജീവിക്കണം
ഇന്നലെ സായന്തനത്തിലെന്‍ മുറ്റത്തിരുന്നു
ചായ  കുടിച്ചവന്‍
കറണ്ടു പോയപ്പോളിത്തിരി  മണ്ണെണ്ണ
കടം കൊണ്ടവന്‍
ജീവന് വേണ്ടി ഞാന്‍ രക്തം കൊടുത്തവന്‍
സംഘമായ്  വന്നെന്‍റെ വീടിന്‍
നേടും തൂണെടുത്തവര്‍
പഴകി തുരുമ്പിച്ചോരെന്‍ സ്വപ്‌നങ്ങള്‍ പോലും
കുടഞ്ഞിട്ടു കത്തിച്ചു ചാമ്പലും തട്ടിയോര്‍

നിങ്ങള്‍ കാക്കുക

കത്തിക്കരിഞ്ഞു ചാമ്പലായോരെന്‍
പ്രണയത്തില്‍ നിന്നും പിറവിയെടുത്തവര്‍
എന്‍റെ കുഞ്ഞുങ്ങള്‍
അവരൊക്കെ  കറുത്തവര്‍
ദളിതരെന്നു  നെറ്റിയില്‍
പച്ചകുത്തിയോര്‍
അവര്‍ വരും
ദൈവങ്ങള്‍ കൂട്ടിനില്ലെങ്കിലും
അവര്‍ വരും
കൊടുംകാറ്റായി
മഴയായി
സൂര്യവെളിച്ചമായ്
എന്നെ ചുട്ടെരിക്കാന്‍ വച്ച  കൊള്ളികള്‍ പോലും
പോരാതെ  പോകും
അവര്‍ വരും

കാത്തിരിക്കുക നിന്‍റെ കോട്ട കൊത്തളങ്ങളില്‍

ചുവരുകളില്ലാത്ത കോട്ടകള്‍ക്കുള്ളിലൂടഭയമില്ലാതെ നീ  അലയും
ആഭിജാത്യത്തിന്‍റെ പെരും നുണകളില്‍ നീ ഉരുകി ഒലിച്ചന്നലയും

കരുതി വയ്ക്കട്ടെ ഞാന്‍ ഈ ചാമ്പലൊക്കെയും
ഒരു പുതിയ പുലരിക്കു വേണ്ടി
അതിരുകളില്ലാത്ത സൗഹൃദം പുലരുന്ന
ഒരു പുതിയ പുലരിക്കു വേണ്ടി

http://caste-violence.wikispaces.com/